ജമ്മു: അതിർത്തിയിൽ പാക് സൈനികർ തുടരുന്ന ഷെല്ലാക്രമണത്തിൽ ബി.എസ്.എഫ് ജവാനും സിവിലിയൻമാരും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ജമ്മുവിലെ ബോർഡർ ഒൗട്ട്പോസ്റ്റിലേക്കും സമീപ ഗ്രാമങ്ങളിലേക്കും കഴിഞ്ഞദിവസം പുലർച്ചെ കനത്ത ആക്രമണം നടന്നതായി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദർശിക്കാനിരിക്കെയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ച് മൂന്നാംദിനവും ആക്രമണം തുടരുന്നത്. ആർ.എസ് പുര, ബിഷ്ണ, അർണിയ സെക്ടറുകളിൽ മോർട്ടാർ ആക്രമണം നടത്തുന്നതായും മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർ പറയുന്നു.
192 ബറ്റാലിയനിൽപെട്ട 28കാരനായ കോൺസ്റ്റബിൾ ഉപാധ്യായ് ആണ് െകാല്ലപ്പെട്ട ജവാൻ. ഝാർഖണ്ഡിലെ ഗിരിധിയിൽനിന്നുള്ള ഉപാധ്യായ് 2011ലാണ് സേനയിൽ ചേർന്നത്. ഒരു അസി. സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട സിവിലിയൻമാരിൽ ദമ്പതികൾ ഉൾപ്പെട്ടതായും 12 സിവിലിയൻമാർക്ക് പരിക്കേറ്റതായും പൊലീസ് കമീഷണർ അരുൺ മാൻഹാസ് പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് കാറുകൾ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, അർധസൈനിക വിഭാഗത്തെ ഉപയോഗിച്ച് പാക് പോസ്റ്റ് ആക്രമിച്ചതായും കനത്ത നാശനഷ്ടം അവർക്കുണ്ടാക്കിയെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.